Share this Article
News Malayalam 24x7
അട്ടിമറി ജയം; ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് സിംബാബ്‌വെ; കീഴടക്കിയത് 23 റൺസിന്‌
വെബ് ടീം
13 hours 10 Minutes Ago
1 min read
zimbabwe

കൊളംബോ: ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരേ സിംബാബ്‌വെക്ക് 23 റൺസിന്‍റെ അട്ടിമറി വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 169 റൺസാണെടുത്തത്. ഓസ്ട്രേലിയയുടെ മറുപടി 19.3 ഓവറിൽ 146 റൺസിൽ അവസാനിച്ചു.17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളർ ബ്ലസിങ് മുസർബാനിയുടെയും, 23 റൺസിന് മൂന്ന് വിക്കറ്റ് പിഴുത ഫാസ്റ്റ് ബൗളർ ബ്രാഡ് ഇവാൻസിന്‍റെയും ഉജ്വല പ്രകടനങ്ങളാണ് സിംബാബ്‌വെയ്ക്ക് ആധികാരിക വിജയം ഉറപ്പാക്കിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ ഇന്നിങ്സിൽ ടോപ് സ്കോററായത് ഓപ്പണർ ബ്രയൻ ബെന്നറ്റ്. 56 പന്ത് നേരിട്ട് 64 റൺസെടുത്ത് പുറത്താകാതെ നിന്ന ബെന്നറ്റ് നങ്കൂരമിട്ട് കളിച്ചപ്പോൾ, വിക്കറ്റ് കീപ്പറും സഹഓപ്പണറുമായ തടിവനാഷെ മരുമാനി (21 പന്തിൽ 35), റിയാൻ ബേൾ (30 പന്തിൽ 35), ക്യാപ്റ്റൻ സിക്കന്ദർ റാസ (13 പന്തിൽ 25 നോട്ടൗട്ട്) എന്നിവർ ഇന്നിങ്സിനു കുതിപ്പ് നൽകി.താരതമ്യേന ചെറിയ സ്കോർ ആയിരുന്നിട്ടും ഓസ്ട്രേലിയൻ ഇന്നിങ്സിന്‍റെ ഒരു ഘട്ടത്തിലും അവർക്ക് വിജയ പ്രതീക്ഷയുണർത്താൻ സാധിച്ചില്ല.

ഓപ്പണർമാരായ ജോഷ് ഇംഗ്ലിസിനും (8) ക്യാപ്റ്റൻ ട്രാവിസ് ഹെഡിനും (17) പിന്നാലെ കാമറൂൺ ഗ്രീനും (0) ടിം ഡേവിഡും (0) കൂടാരം കയറുമ്പോൾ ഓസ്ട്രേലിയൻ സ്കോർ ബോർഡിൽ വെറും 29 റൺസ്!അവിടെനിന്ന് ഗ്ലെൻ മാക്സ്‌വെല്ലും (32 പന്തിൽ 31) മാറ്റ് റെൻഷോയും (44 പന്തിൽ 65) ഒരുമിച്ച രക്ഷാപ്രവർത്തനം. മാക്സ്‌വെല്ലിനെ റിയാൻ ബേൾ ക്ലീൻ ബൗൾ ചെയ്തതോടെ വീണ്ടും തകർച്ച.106/5 എന്ന നിലയിൽ നിന്ന് 40 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു ഓസ്ട്രേലിയ. ഓൾറൗണ്ടർമാരായ മാർക്കസ് സ്റ്റോയ്നിസിനും (6) ബെൻ ഡ്വാർഷ്യൂസിനും (6) പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ ഓസ്ട്രേലിയ പരാജയം ഉറപ്പിക്കുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories