മൊഹാലി: സയ്ദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂർണമെന്‍റിൽ അസമിനെതിരെ ഒൻപത് വിക്കറ്റ് വിജയവുമായി കേരളം. ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീന്‍റെയും രോഹൻ കുന്നുമ്മലിന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസം 20 ഓവറിൽ അഞ്ച് വിക്കറ്റിന് 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 12.3 ഓവറിൽ ലക്ഷ്യത്തിലെത്തി. 93 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
സ്കോർ - അസം 20 ഓവറിൽ 165/5, കേരളം 12.3 ഓവറിൽ 166/1
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അസമിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകി. പ്രദ്യുൻ സൈക്കിയയും ആയുഷ് അഗർവാളും ചേർന്ന് 6.3 ഓവറിൽ 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറിൽ പുറത്തായി. പ്രദ്യുൻ 19-ഉം ആയുഷ് 21-ഉം റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയവരിൽ ക്യാപ്റ്റൻ ഡെനിഷ് ദാസും രോഹിത് സെന്നും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഡെനിഷ് ദാസ് 38 പന്തുകളിൽ നിന്ന് 49 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് സെൻ 17 പന്തുകളിൽ നിന്ന് 29-ഉം ആകാഷ് സെൻ ഗുപ്ത 13 പന്തുകളിൽ നിന്ന് 21-ഉം റൺസെടുത്തു. നാല് ഓവറിൽ 20 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വൈശാഖ് ചന്ദ്രനാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്.