മൊഹാലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്വിന്റൻ ഡികോക്ക് 90 റൺസുമായി കസറിയപ്പോൾ ഇന്ത്യയ്ക്ക് മുന്നില്‍ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമും പിന്തുണ നല്‍കി. രണ്ട് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
ആദ്യ ഓവറിൽ തന്നെ അടിച്ചുതുടങ്ങിയ പ്രോട്ടീസ് ബാറ്റിങ്ങിൽ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും ഡി കോക്കിന്റെ ബാറ്റിങ് ചൂടറിഞ്ഞു. അഞ്ചാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തി ഓപ്പണര്‍ റീസ ഹെന്‍ട്രിക്‌സിനെ (ഒന്‍പത് പന്തില്‍ എട്ട്) ബൗള്‍ഡ് ചെയ്തതാണ് ആദ്യ വിക്കറ്റ്. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. വരുൺ ചക്രവർത്തി ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.