ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പങ്കുവെച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ചിത്രം പങ്കുവെച്ച താരം, 'ക്രിക്കറ്റ് ജെന്റില്‍മാന്‍മാരുടേത് മാത്രമല്ല എല്ലാവരുടേയും കളിയാണ്' എന്ന സന്ദേശം ആലേഖനം ചെയ്ത ടീ-ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ലോകകിരീടം ചൂടിയത്. മുന്‍വിധികളെയും പരിമിതമായ അവസരങ്ങളെയും മറികടന്ന് കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ക്രിക്കറ്റര്‍മാരുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രമെന്നാണ് കമന്റുകള്‍. ഈ വിജയത്തിലൂടെ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്യാപ്റ്റനെന്ന ചരിത്ര നേട്ടവും ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കി. ഐസിസി ഏകദിന ലോകകപ്പ് നോക്കൗട്ടുകളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഹര്‍മന്‍പ്രീത് മാറിയിരുന്നു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ബെലിന്‍ഡ ക്ലാര്‍ക്കിനെയാണ് ഹര്‍മന്‍പ്രീത് മറികടന്നത്.