Share this Article
News Malayalam 24x7
ഇന്ത്യയ്ക്ക് സൂപ്പർ സൺഡേ; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ എട്ടില്‍; ജയം 61 റണ്‍സിന്
വെബ് ടീം
5 hours 41 Minutes Ago
1 min read
T20

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ മിന്നും ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പിക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് മുന്നില്‍ വച്ചത്. 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്റെ പോരാട്ടം 18 ഓവറില്‍ വെറും 114 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ട ഹര്‍ദിക് പാണ്ഡ്യ തന്നെ 10ാം വിക്കറ്റും വീഴ്ത്തി പാക് പെട്ടിയില്‍ അവസാന ആണിയും അടിച്ചു.

തുടക്കത്തില്‍ തന്നെ അഭിഷേകിനെ മടക്കി ഞെട്ടിച്ച പാകിസ്ഥാന് അതിലും വലിയ ഞെട്ടല്‍ സമ്മാനിച്ചാണ് ഇന്ത്യ മറുപടി ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറില്‍ ഒരു റണ്ണും വിട്ടുകൊടുക്കാതെ ഹര്‍ദിക് പാണ്ഡ്യ അപകടകാരിയായ ഓപ്പണര്‍ സാഹിബ് സാദ ഫര്‍ഹാനെ പുറത്താക്കിയാണ് പാകിസ്ഥാനെ ഞെട്ടിച്ചത്. ആ ഞെട്ടലിന്റെ ആഘാതത്തില്‍ നിന്നു പിന്നീടൊരിക്കലും പാകിസ്ഥാന്‍ മത്സരത്തിലേക്ക് മടങ്ങി വന്നില്ല. സ്പിന്നര്‍മാരും പേസര്‍മാരും ഇന്ത്യക്കായി മിന്നും ബൗളിങ് പുറത്തെടുത്തതോടെ പാക് സംഘത്തിനു ഉത്തരം മുട്ടി. ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകള്‍ പോക്കറ്റിലാക്കി.

രണ്ടാം ഓവര്‍ എറിയാന്‍ വന്ന ജസ്പ്രിത് ബുംറ 6 പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റെടുത്തു പാകിസ്ഥാനെ വന്‍ പ്രതിരോധത്തിലാക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കായി. 2 ഓവറില്‍ പാകിസ്ഥാന് 13 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോള്‍ നഷ്ടം വന്നത് 3 വിക്കറ്റുകള്‍. സയിം അയൂബ് 6 റണ്‍സുമായും പാക് നായകന്‍ സല്‍മാന്‍ ആഘ 4 റണ്‍സുമായും പുറത്തായി. അഞ്ച് ബാറ്റര്‍മാരാണ് രണ്ടക്കം പോലും കാണാതെ പുറത്തായത്. ഇതോടെ കൂറ്റന്‍ അടികള്‍ക്ക് മുതിരാതെ ക്രീസില്‍ പിടിച്ചു നില്‍ക്കാനായി ഉസ്മാന്‍ ഖാന്റേയും ഷദാബ് ഖാന്റേയും ശ്രമം. പതുക്കെ ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പന്തുകര്‍ തുടരെ അതിര്‍ത്തി കടത്തി ഉസ്മാന്‍ ഖാന്‍ എതിരാളികളെ അല്‍പം ആശങ്കയിലാക്കി. എന്നാല്‍ കൂടുതല്‍ അപകടകാരിയാകും മുന്‍പ് 44 റണ്‍സെടുത്ത താരത്തെ പട്ടേല്‍ പറഞ്ഞയച്ചു. വാലറ്റത്ത് 23 റണ്‍സെടുത്ത അഫ്രീദിയുടെ പോരാട്ടം കൂടിയില്ലായിരുന്നില്ലെങ്കില്‍ പാക് തോല്‍വി കൂടുതല്‍ ദയനീയമാകുമായിരുന്നു. 18 ഓവറില്‍ 114 റണ്‍സിന് പാക്കിസ്ഥാന്‍ ഓളൗട്ടായി. ഹാര്‍ദിക് പാണ്ഡ്യ, ബുംമ്ര, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും , കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയുടെ ആദ്യ ഓവറിലെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. എന്നാല്‍ പതറാതെ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 40 പന്തിൽ 77 റൺസടിച്ചാണ് താരം പുറത്തായത്.  27 പന്തുകളിൽ നിന്നാണ് ഇഷാൻ 50 തികച്ചത്. സ്കോർ 88ൽ നിൽക്കെ സയിം അയൂബിന്റെ പന്തിൽ ഇഷാൻ ബോൾ‍ഡായി മടങ്ങി. മൂന്നു സിക്സുകളും പത്തു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. 

പവർപ്ലേയിൽ ഇന്ത്യ മികച്ച സ്കോറാണ് നേടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. കൊളംബോയിലെ സ്പിൻ പിച്ചിന്റെ ആനുകൂല്യം തുടക്കത്തിൽ തന്നെ മുതലാക്കാനായിരുന്നു പാക്ക് ടീമിന്റെ ശ്രമം. എന്നാൽ അധികം പരുക്കില്ലാതെ ഇന്ത്യ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 25 റണ്‍സെടുത്ത തിലക് വര്‍മയും 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും  മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ശിവം ദുബൈയും മോശമല്ലാത്ത പ്രകടനം നടത്തി. 17 പന്തുകളില്‍ നിന്നും താരം 27 റണ്‍സെടുത്ത് പുറത്തായി. 

പാക്കിസ്ഥാന്‍ ബോളിങ് നിരയില്‍ സയിം അയൂബ് മൂന്നു വിക്കറ്റുകള്‍ നേടി. സല്‍മാന്‍ ആഗ, ഷഹീന്‍ ഷാ, ഉസ്മാന്‍ താരീഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.ത്രില്ലർ പേരിൽ 61 റൺസിന്റെ മിന്നും ജയവുമായി ഇന്ത്യ സൂപ്പർ 8 ഉറപ്പിക്കുകയും ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories