Share this Article
News Malayalam 24x7
വിഖ്യാത ​ഗായിക എസ്. ജാനകി അന്തരിച്ചു
വെബ് ടീം
1 hours 16 Minutes Ago
1 min read
s janaki

മൈസൂർ: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക മികച്ച സംഗീതസംവിധായകർക്കൊപ്പവും എസ്. ജാനകി പാടിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, കെ. രാഘവൻ, എം.ബി. ശ്രീനിവാസ്, ആർ.കെ. ശേഖർ, ജി. ദേവരാജൻ, എം.എസ്. വിശ്വനാഥൻ, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ, എ.ആ‍‍. റഹ്മാൻ തുടങ്ങിയവരുടെ ​ഈണങ്ങൾക്ക് ജാനകി ജീവശ്വാസം നൽകി. ആറ് പതിറ്റാണ്ടു നീണ്ടുകിടക്കുന്ന സം​ഗീത സപര്യയിൽ 18 ഭാഷകളിലായി 40,000ത്തിൽ ഏറെ ​ഗാനങ്ങളാണ് ജാനകി പാടി അനശ്വരമാക്കിയത്.

മികച്ച ​ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. 1977ൽ ഭാരതിരാജ സംവിധാനം ചെയ്ത 'പതിനാറു വയതിനിലേ' എന്ന തമിഴ്‌ ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌. ഇളയരാജയായിരുന്നു സം​ഗീതം. 80ൽ മലയാള ചിത്രത്തിലൂടെയാണ് രണ്ടാമത്തെ ദേശീയ അവാർഡ് നേട്ടം. 'ഓപ്പോളി'ലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്... എന്ന ഗാനമാണ് ഇത്തവണ ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 11 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ പുരസ്കാരം 10 തവണയുമാണ് ജാനകി സ്വന്തമാക്കിയത്. 2013ൽ പത്മഭൂഷൺ ലഭിച്ചു. എന്നാൽ ഏറെ വൈകിയെത്തിയ ഈ ബഹുമതി ജാനകി നിരസിച്ചു. ബഹുമതികൾ തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2017 ഒക്ടോബർ 28ന് മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ജാനകി സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories