Share this Article
News Malayalam 24x7
'സത്യത്തിൽ ചിരിയാണ് വന്നത്; ‘ലോക’യെ വിമർശിച്ച് മുരളി തുമ്മാരുകുടി
വെബ് ടീം
4 hours 16 Minutes Ago
1 min read
LOKA

തിയറ്ററുകളിൽ ഗംഭീര കളക്ഷൻ നേടിയ കല്യാണി പ്രിയദര്‍ശൻ നായികയായെത്തിയ ‘ലോക’ സിനിമയെ വിമർശിച്ച് മുരളി തുമ്മാരുകുടി. സിനിമ കഴിഞ്ഞ് തിയറ്ററിൽ നിന്നും പോരുമ്പോൾ ഒരു കഥാപാത്രവും കൂടെ പോരുന്നില്ലെന്നും കഥയില്ല എന്നതാണ് സിനിമയുടെ പോരായ്മയെന്നും അദ്ദേഹം കുറിച്ചു. ദംഷ്ട്രകൾ ഉപയോഗിച്ച് കഴുത്തിൽ നിന്നും, അത്യാവശ്യത്തിന് ബ്ലഡ് ബാഗിൽ നിന്നും ചോര കുടിക്കുന്ന യക്ഷിയെ കണ്ടുവെന്നും തിയറ്ററിൽ അധികം ആളൊന്നും ഉണ്ടായിരുന്നില്ലെന്നും വിമർശിച്ച് മുരളി തുമ്മാരുകുടി പറയുന്നു.

കുറിപ്പ് 

വളരെ ചെറുപ്പത്തിൽ, വീട്ടിൽ വൈദ്യുതി ഒന്നും ഇല്ലാതിരുന്ന കാലത്താണ് കള്ളിയങ്കാട്ടു നീലിയുടെ കഥ വല്യച്ഛൻ പറഞ്ഞു തന്നത്. അന്ന് രാത്രി പേടിച്ച് ഉറങ്ങിയില്ല. പിന്നീട് നീലിയെക്കുറിച്ച് കേൾക്കുന്നത് എഴാച്ചേരി രാമചന്ദ്രന്റെ 'നീലി' എന്ന അതിമനോഹരമായ കവിത ശ്രീകാന്ത് പാടുമ്പോഴാണ്. ഒരു വ്യത്യസ്തമായ വീക്ഷണമാണ് എഴാച്ചേരി ആ കവിതയിൽ പങ്കുവെക്കുന്നത്. ഭയമല്ല, ചെറിയൊരു ദുഃഖമാണ് അത് നമ്മിൽ ബാക്കിയാക്കുന്നത്.ഇന്നലെ ലോക കണ്ടു. നീലിയുടെ പാരമ്പര്യമായിട്ടാണ് കഥ പറഞ്ഞുവെയ്ക്കുന്നത്.

ദുബായിൽ ദെയ്‌റ സിറ്റി സെന്ററിലെ മാക്സ് തിയറ്ററിൽ, ഗംഭീരമായ സൗണ്ട് സംവിധാനങ്ങളെല്ലാം ഉണ്ട്. നൂറു കോടി, ഇരുന്നൂറു കോടി എന്നൊക്കെ കേട്ടിരുന്നെങ്കിലും തിയറ്ററിൽ അധികം ആളൊന്നും ഉണ്ടായിരുന്നില്ല. യക്ഷിക്കഥ ആകുമ്പോൾ പേടിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അത് അസ്ഥാനത്തായിരുന്നു എന്ന് വഴിയേ മനസ്സിലായി. ബെംഗളൂരിലാണ് സംഭവം നടക്കുന്നത്. ബെംഗളൂരു ആകുമ്പോൾ ടെക്കി പിള്ളേരും അവർ ഒരുമിച്ചുള്ള രാത്രി പാർട്ടിയും അല്പം കഞ്ചാവും ഒക്കെ സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലോ. അതിന്റിടയിൽ സൂപ്പർ വുമണും, യക്ഷിക്കഥയും, കുന്തങ്ങളും, മെഷീൻ ഗണ്ണും, പൂജ ദ്രവ്യങ്ങളും, കഞ്ചാവും, പഴയ രാജാവും പുതിയ ഹോം മിനിസ്റ്ററും, ചാത്തനും ഗരുഡ ഫോഴ്സും, എന്തിന് എൻഐഎ വരെ ഉണ്ട്.പട്ടിയുണ്ട്, പൂച്ചയുണ്ട്. പട്ടിയും പൂച്ചയും ഒക്കെ നന്നായി അഭിനയിച്ചിട്ടുമുണ്ട്.കഥാപാത്രങ്ങൾക്കൊന്നും അഭിനയത്തിന്റെ ആവശ്യമില്ല. ഒരു കഥ അന്വേഷിച്ചു നടക്കുന്ന കഥാപാത്രങ്ങളെ ആണ് രണ്ടര മണിക്കൂർ തിയറ്ററിൽ കണ്ടത്. തിയറ്ററിൽ നിന്നും പോരുമ്പോൾ ഒരു കഥാപാത്രവും കൂടെ പോരുന്നില്ല. അവസാന ഭാഗം ഒക്കെ ആകുമ്പോൾ മൊത്തം വയലൻസ് ആണ്. സാങ്കേതിക വിദ്യകളുടെ സാധ്യതകൾ മുഴുവൻ ഉപയോഗിച്ചിട്ടുണ്ട്. ദംഷ്ട്രകൾ ഉപയോഗിച്ച് കഴുത്തിൽ നിന്നും, അത്യാവശ്യത്തിന് ബ്ലഡ് ബാഗിൽ നിന്നും യക്ഷി ചോര കുടിക്കുന്നുമുണ്ട്. മൊത്തം സറൗണ്ട് സൗണ്ട്. കാതടപ്പിക്കുന്ന ഒച്ചയും ബഹളവും വെടിയും കത്തിക്കുത്തും ഒക്കെയുണ്ട്. അടുത്ത സീറ്റിൽ ഒന്നും ആരുമില്ല. ശരിക്കും പേടിക്കേണ്ടതാണ്. സത്യത്തിൽ ചിരിയാണ് വന്നത്. കള്ളിയാങ്കാട്ടെ നീലിയുടെ ‘കണ്ണുകളിൽ ഇപ്പോഴും തീനാളമുണ്ടെന്ന് കാട് പറയുന്നതും കാറ്റു പറയുന്നതും കവിത പറയുന്നതും കള്ളം’ എന്ന് എഴാച്ചേരി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories