Share this Article
News Malayalam 24x7
‘ബീഫ്’ എന്ന പേരിട്ടതുകൊണ്ട് മാത്രം സിനിമ വിലക്കുന്ന കാലത്ത് 'ദ കേരള സ്റ്റോറി 2'ന് എങ്ങനെ പ്രദർശനാനുമതി കിട്ടിയെന്നത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി
വെബ് ടീം
6 hours 25 Minutes Ago
1 min read
kerala story 2

തിരുവനന്തപുരം: ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'ദ കേരള സ്റ്റോറി 2' നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സിനിമയുടെ ഒന്നാം ഭാഗം കേരളവിരുദ്ധ പ്രചാരണങ്ങളും വിദ്വേഷവും നിറച്ച വർഗീയ അജണ്ടയോടെയായിരുന്നു നിർമ്മിച്ചതെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ ചിത്രത്തെ സമൂഹം ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories