ന്യൂയോർക്ക്: ഡാനിയൽ ക്രെയ്ഗിന് പിന്നാലെ 007ന്റെ കുപ്പായമണിയുന്നത് ആരെന്ന കാത്തിരിപ്പിന് വിരാമം. ഏജന്റ് 007 ന് ഇനി പുതിയ മുഖം. ഹോളിവുഡിന്റെ പുതിയ ജെയിംസ് ബോണ്ടിനെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട് ആകുമെന്ന് ആമസോൺ എംജിഎം സ്റ്റുഡിയോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.'ട്വൈലൈറ്റ്' സിനിമകളിലൂടെ പ്രശസ്തനായ റോബർട്ട് പാറ്റിൻസൺ, 'ഹാരി പോട്ടർ ആൻഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ', 'ടെനറ്റ്', 'ഡ്യൂണ്‍', 'ബാറ്റ്മാന്‍' എന്നീ സിനിമകളിലും തിളങ്ങിയിട്ടുണ്ട്. ദി ഒഡീസി, ദി ഡ്രാമ, പ്രൈംടൈം എന്നിവയാണ് പാറ്റിൻസണിന്റെ ഈ വർഷം റിലീസായ ചിത്രങ്ങൾ.
നിക്കോളാസ് ഹൗൾട്ട്, കാല്ലം ടേണർ, ജോഷ് ഒ'കോന്നർ, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളെ ബോണ്ട് ആകാനായി പരിഗണിച്ചിരുന്നു. ഒടുവിലാണ് 40 കാരനായ പീറ്റേഴ്സണിന്, സീക്രട്ട് ഏജന്റാകാൻ നറുക്ക് വീണത്.ഷോൺ കോണറി, റോജർ മൂർ മുതൽ പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് വരെയുള്ള താരങ്ങൾ അഭിനയിച്ച് പ്രശസ്തമാക്കിയ കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ഹോളിവുഡിന്റെ ഏറ്റവും പ്രശസ്തനായ ഈ രഹസ്യ ഏജന്റിന്റെ പുതിയ മുഖം ആരായിരിക്കുമെന്ന ആകാംക്ഷയ്ക്കാണ് അണിയറക്കാർ വിരാമമിട്ടത്.
പ്രശസ്തമായ 'ഡ്യൂൺ', 'ബ്ലേഡ് റണ്ണർ 2049', 'സികാരിയോ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഡെനിസ് വില്ലെനൂവ് ആണ് പുതിയ ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. 'പീക്കി ബ്ലൈൻഡേഴ്സ്' പരമ്പരയുടെ സ്രഷ്ടാവായ സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. ജെയിംസ് ബോണ്ട് ആകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയെന്ന് പാറ്റിൻസൺ പ്രതികരിച്ചു.