ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ശ്രീനാഥ് ഭാസി നായകനായെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. സെൻസർ ബോർഡിന്റെ വിലക്കിനെ തുടർന്നാണ് പൊങ്കാല ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകൾ നീക്കം ചെയ്ത ശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു.
സെൻസർ ബോർഡ് നിർദ്ദേശിച്ച സീനുകൾ നീക്കം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകൾക്കും ടീസറിനുമൊക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് എ ബി ബിനിൽ ആണ്.ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്‌ൻമെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷനും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്.