മമ്മൂട്ടി മാജിക്ക് അനുഭവിച്ചറിയാൻ ഇനി അധിക ദിവസങ്ങളില്ല. ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കളങ്കാവല്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. ചിത്രത്തിലെ മമ്മൂട്ടി പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു മാരക വില്ലനായിരിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ട്രെയിലര്‍.
ഏറ്റവും കൂടുതല്‍ സുഖം എന്തിനെക്കൊല്ലുമ്പോഴാണെന്ന് അറിയുമോ എന്ന് ചോദിച്ച് മമ്മൂട്ടിയുടെ നിഴല്‍ തെളിയുന്നിടത്ത് നിര്‍ത്തിയിരിക്കുന്ന ട്രെയിലര്‍ കളങ്കാവലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന പ്രതീക്ഷകളെ ഇരട്ടിപ്പിക്കുകയാണ്.അഭിനയത്തികവിന്റെ അങ്ങേയറ്റം എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മമ്മുട്ടിയുടേ കഥാപാത്ര സൂചനകൾ. പൊലീസ് വേഷത്തില്‍ വിനായകന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സ് ഈ സിനിമയിലുണ്ടാകുമെന്നും ട്രെയിലര്‍ സൂചന തരുന്നുണ്ട്.
ഒറ്റഷോട്ടില്‍ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ട്രെയ്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസല്‍ അലി ഒരുക്കിയ ഗംഭീരദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാആയി മാറുമെന്നും ട്രെയ്ലര്‍ സൂചന നല്‍കുന്നുണ്ട്.