നടൻ ദിലീപ് തന്റെ കരിയറിൽ ഇതുവരെ നേരിടാത്ത ഏറ്റവും വലിയ പരീക്ഷണത്തെ നേരിടാൻ ഒരുങ്ങുകയാണ്.ദിലീപിന്റെ പുതിയ സിനിമ ഭ ഭ ബ നാളെയാണ് റിലീസ്. റിലീസിനു ഒരു ദിവസം ബാക്കി നിൽക്കുമ്പോൾ അഡ്വാൻസ് ബുക്കിങിൽ റെക്കോഡിട്ടിരിക്കുകയാണ് ‘ഭഭബ’. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രീ സെയിൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. ഈ വര്‍ഷത്തെ ആദ്യ ക്രിസ്മസ് റിലീസുകൂടിയാണ് ചിത്രം. ഈ ആഴ്ച ഹോളിവുഡ് ചിത്രം ‘അവതാർ’ അല്ലാതെ മറ്റു പ്രധാന റിലീസുകളില്ലാത്തതിനാൽ കൂടുതൽ റിലീസ് സെന്ററുകളും ചിത്രത്തിനു ലഭിക്കും.
നവാഗതനായ ധനഞ്ജയ് ശങ്കർ ‘ഭ.ഭ.ബ’ സംവിധാനം ചെയ്യുന്നത്. രാവിലെ എട്ട് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും. മോഹൻലാലിന്‍റെ അതിഥി വേഷവും സിനിമയുടെ ഹൈപ്പ് കൂടാന്‍ കാരണമായിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിലുണ്ട്.‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നത് ചുരുക്കിയാണ "ഭ.ഭ.ബ" എന്ന് പേരിട്ടത്. ആക്‌ഷൻ, കോമഡി, സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ആഘോഷ ചിത്രത്തിന്‍റെ തിരക്കഥ ഫാഹിം സഫറും, നൂറിൻ ഷെരീഫുമാണ്.നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കി ദിവസങ്ങൾക്ക് ശേഷമാണ് സിനിമയുടെ റിലീസ്. ഈ സാഹചര്യത്തിൽ പൊതുജന പ്രതിഷേധങ്ങൾ വർദ്ധിക്കുകയും അദ്ദേഹത്തിന്റെ ബോക്സ് ഓഫീസ് ട്രാക്ക് റെക്കോർഡ് തകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് ഈ സിനിമയ്ക്ക് താരത്തിന്റെ കരിയറിനെ രക്ഷിക്കാൻ കഴിയുമോയെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം ദിലീപിൻ്റെ ഈ ചിത്രവും ബഹിഷ്കരിക്കണമെന്നും അതിലൂടെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. തിയറ്ററുകളില്‍ ഇവരുടെ പ്രതിഷേധമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല