ഈ മാസം 25 ന് തിയറ്ററുകളിലെത്തിയ തുടരും പ്രേക്ഷകപ്രീതിക്കൊപ്പം ബോക്സോഫീസിലും വൻ നേട്ടവുമായി കുതിപ്പ് തുടരുകയാണ്. മോഹന്‍ലാലിന്‍റെ തന്നെ ഒരു മാസം മുന്‍പ് എത്തിയ റിലീസ് എമ്പുരാന്‍റെ അത്രയും പ്രീ റിലീസ് ഹയിപ്പോ രണ്ടാം ചാപ്റ്റർ എന്ന വിശേഷണമോ ഇല്ലാതെ എത്തിയ ചിത്രം പക്ഷേ അതിനേക്കാള്‍ പല മടങ്ങ് മൌത്ത് പബ്ലിസിറ്റി നേടി. നാലാം ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം.
മോഹന്‍ലാലിന്‍റെ 100 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ചിത്രമാണ് ഇത്. മലയാള സിനിമയെ സംബന്ധിച്ച് ഈ ക്ലബ്ബില്‍ എത്തുന്ന 11-ാം ചിത്രവും. മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബ് തുറന്നത് പുലിമുരുകനിലൂടെ മോഹന്‍ലാല്‍ ആയിരുന്നു. പിന്നീട് ലൂസിഫര്‍, അതിന്‍റെ സീക്വല്‍ ആയി കഴിഞ്ഞ മാസം റിലീസ് ചെയ്യപ്പെട്ട എമ്പുരാന്‍ എന്നിവയും 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. എമ്പുരാന്‍റെ ലൈഫ് ടൈം ഗ്ലോബല്‍ ഗ്രോസ് 260 കോടി കടന്നിരുന്നു. ഒരു മാസത്തിനിപ്പുറമാണ് കരിയറിലെ അടുത്ത 100 കോടി ക്ലബ്ബ് നേട്ടം മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഒരു താരത്തിനും ലഭിക്കാത്ത നേട്ടമാണ് ഇത്. അതേസമയം പ്രവര്‍ത്തി ദിനങ്ങളില്‍ പോലും റെക്കോര്‍ഡ് ഒക്കുപ്പന്‍സിയും വമ്പന്‍ കളക്ഷനുമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനാല്‍ത്തന്നെ ഫൈനല്‍ ഗ്രോസ് സംബന്ധിച്ച് ഇപ്പോള്‍ പ്രവചനങ്ങളൊന്നും സാധ്യമല്ലാത്ത അവസ്ഥയാണ്.
അതേ സമയം തുടരുമിലെ പ്രൊമോ സോങ് പുറത്ത് വന്നിട്ടുണ്ട്. കൊണ്ടാട്ടം എന്ന പ്രൊമോ സോങ്ങിനായി ആരാധകർ വലിയ കാത്തിരിപ്പിലായിരുന്നു. പാട്ട് പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറുകയാണ്. ലാലേട്ടാ ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് പാട്ടിന് താഴെ നിറയുന്ന കമന്റുകൾ. മോഹൻലാലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും പാട്ടിൽ തകർത്തിട്ടുണ്ട്.ശോഭനയും മോഹൻലാലും കൊണ്ടാട്ടം പാട്ടിലൂടെ വീണ്ടും ആരാധക മനം കവർന്നിരിക്കുകയാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. വിനായ് ശശികുമാറിന്റേതാണ് വരികൾ. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റർ ആണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.തുടരും സിനിമയിൽ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിന്റെ പ്രകടനത്തിന് തിയറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്.