ന‍്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി മോശമായതിനെ തുടർന്ന് നടനെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം.
സമൂഹമാധ‍്യമങ്ങളിലൂടെ സംവിധായകൻ അശോക് പണ്ഡിറ്റാണ് സതീഷ് ഷായുടെ മരണ വിവരം സ്ഥിരീകരിച്ചത്. സയീദ് അക്തർ മിർസയുടെ സംവിധാനത്തിൽ 1978ൽ പുറത്തിറങ്ങിയ 'അരവിന്ദ് ദേശായി കി അജീബ് ദാസ്താൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സതീഷ് ഷാ 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കൽ ഹോ നാ ഹോ, ഫനാ, ഓം ശാന്തി ഓശാന, ജാനേ ഭി ദോ യാരോ എന്നിവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ.