ഏറെ നാളത്തെ നിയമതടസ്സങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ 'ജനനായകൻ' എന്ന ചിത്രം ഇന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) റിവൈസിങ് കമ്മിറ്റിക്ക് മുന്നിലെത്തുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കായി സിനിമ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നീങ്ങുമോ എന്ന് ഇന്നത്തെ പ്രദർശനത്തിന് ശേഷം അറിയാം.
സെൻസർ ബോർഡുമായി ദീർഘനാളായി നിലനിൽക്കുന്ന നിയമതർക്കങ്ങൾക്കൊടുവിലാണ് ചിത്രം വീണ്ടും പരിശോധനയ്ക്കായി എത്തുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങളോടും വെട്ടിച്ചുരുക്കലുകളോടും നിർമ്മാതാക്കൾ വിയോജിച്ചതോടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു.
സിനിമയുടെ പ്രദർശനം ഇനിയും വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഇന്നത്തെ പ്രദർശനത്തിന് ശേഷം കമ്മിറ്റി നൽകുന്ന നിർദ്ദേശങ്ങൾ സിനിമയുടെ ഭാവിയിൽ നിർണ്ണായകമാകും. കൂടുതൽ വെട്ടിച്ചുരുക്കലുകൾ ആവശ്യപ്പെടുമോ അതോ നിലവിലെ രൂപത്തിൽ പ്രദർശനാനുമതി നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ റിലീസ് തീയതി.നിയമപരമായ കടമ്പകൾ കടന്ന് 'ജനനായകൻ' ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകവും പ്രേക്ഷകരും.