ഗോഡ്സില്ല വേഴ്സസ് കോങ്’ നടി കയ്‌ലി ഹോട്ടിൽ ചൊവ്വാഴ്ചയുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു. 18 വയസ്സായിരുന്നു. അമേരിക്കൻ സൈൻ ലാംഗ്വേജ് (ആംഗ്യഭാഷ) ഉപയോഗിച്ച് ഫേസ്ബുക്ക് ലൈവ് സ്ട്രീമിലൂടെ പിതാവ് ജോഷ്വ ഹോട്ടിലാണ് മരണവിവരം പുറത്തുവിട്ടത്. മേരിലാൻഡിലുണ്ടായ കാറപകടത്തിലാണ് മകൾ മരിച്ചതെന്നും മൃതദേഹം ഏറ്റുവാങ്ങാൻ താൻ ടെക്സാസിൽ നിന്ന് വിമാനമാർഗ്ഗം പുറപ്പെടുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കയ്‌ലി സീനിയർ വിദ്യാർത്ഥിനിയായിരുന്ന ടെക്സാസ് സ്കൂൾ ഫോർ ദി ഡെഫും (Texas School for the Deaf) സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു. കയ്‌ലിയും പിതാവും ബധിരരാണ്; തലമുറകളായി ബധിരരായ കുടുംബത്തിൽ നിന്നുള്ളവരാണ് ഇരുവരും.