മമ്മൂട്ടിയും വിനായകനും അഭിനയിക്കുന്ന കളങ്കാവലിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം അടുത്തമാസം, ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കളങ്കാവല്‍ നവംബര്‍ 27ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം. വേഫറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്.കളങ്കാവലിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ അപ്ഡേറ്റുകളെല്ലാം തന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നവയായിരുന്നു. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ കാണാമെന്ന സൂചനയാണ് ട്രെയിലര്‍ സമ്മാനിച്ചത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്.