Share this Article
News Malayalam 24x7
''ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും; മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ലെന്ന് നടൻ മോഹൻലാൽ
വെബ് ടീം
posted on 13-12-2023
1 min read
MOHANLAL REACTION ON DOWRY

തന്റെ മകളെ സ്ത്രീധനം നൽകി വിവാഹം കഴിപ്പിക്കില്ലെന്ന് നടൻ മോഹൻലാൽ. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല താനെന്നും താരം വ്യക്തമാക്കി.നേര് സിനിമയുടെ ഭാ​ഗമായി നൽകിയ അഭിമുഖത്തിനിടെയാണ് താരം സ്ത്രീധനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. 

'സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത്.'- മോഹൻലാൽ പറഞ്ഞു. ‌‌

സംവിധായകൻ ജീത്തു ജോസഫും വിഷയത്തിൽ നിലപാട് വ്യക്തമാക്കി. ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ സ്ട്രോങ് ആണെന്നും സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് അവർ പറയും എന്നും ജീത്തു ജോസഫ് പറഞ്ഞു. ‘ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല.  ഇപ്പോൾ പെൺകുട്ടികളും സ്ട്രോങ് ആണ്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ പറഞ്ഞിട്ടുണ്ട്.  പക്ഷേ ചില പെൺകുട്ടികൾ ഇമോഷനലി പെട്ടുപോയിക്കാണും. പക്ഷേ സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.’’– ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കോർട്ട് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഡിസംബർ 21നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories