ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞദിവസം മോഹന്‍ലാല്‍ നടത്തിയ പ്രസംഗം മലയാളികള്‍ ഏറെ അഭിമാനത്തോടും ഹൃദയപൂര്‍വ്വമാണ് സ്വീകരിച്ചത്.മലയാള ചലച്ചിത്ര മേഖലയ്ക്ക് ആണ് ഈ പുരസ്കാരമെന്ന് വിനയത്തോടെ സംസാരിച്ചു തുടങ്ങി വളരേ വൈകാരികമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാന്‍ അവസരമുണ്ടായത് വിധിയുടെ സൗമ്യഹസ്തമാണെന്നായിരുന്നു മോഹന്‍ലാല്‍ പുരസ്‌കാരവേദിയില്‍ പറഞ്ഞത്. തന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് മലയാളത്തില്‍ പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
എന്നാല്‍, പ്രസംഗത്തിലെ ഒരുഭാഗം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.പ്രസംഗത്തില്‍ രണ്ട് അവസരങ്ങളിലാണ് മോഹന്‍ലാല്‍ മലയാളം ഉപയോഗിച്ചത്. അതിലൊന്ന് കുമാരനാശാന്റേത് എന്ന് പറഞ്ഞുകൊണ്ട് രണ്ടുവരി കവിതാശകലം ഉദ്ധരിച്ച അവസരത്തിലായിരുന്നു. 'ചിതയിലാഴ്ന്നു പോയതുമല്ലോ/ ചിതമനോഹരമായ പൂവിത്', എന്ന വരികളാണ് കുമാരനാശാന്റെ 'വീണപൂവി'ലേത് എന്ന പേരില്‍ മോഹന്‍ലാല്‍ ഉദ്ധരിച്ചത്. എന്നാല്‍, മോഹന്‍ലാല്‍ ഉദ്ധരിച്ച വരികള്‍ 'വീണപൂവി'ലേതല്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.