ക്രിസ്മസ് ആഘോഷിക്കാൻ വ്യാഴാഴ്ച 5 മലയാള സിനിമകൾ തിയേറ്ററുകളിലെത്തുന്നു. 200 കോടി മുടക്കി മലയാളത്തിലും തെലുങ്കിലുമായി ഒരേ സമയം ചിത്രീകരിച്ച മോഹൻലാൽ ചിത്രം വൃഷഭ, നിവിൻ പോളി ചിത്രം സർവ്വം മായ, ഉണ്ണി മുകുന്ദൻ ചിത്രം മിണ്ടിയും പറഞ്ഞും, ഷെയ്ൻ നിഗം ചിത്രം ഹാൽ, നരെയ്ൻ ചിത്രം ആഘോഷം എന്നിവയാണ് നാളെ ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്യുന്നത്.
തെലുങ്കിലും മലയാളത്തിലുമായി ഒരേസമയം ചിത്രീകരിച്ച 'വൃഷഭ' മറ്റ് ഇന്ത്യൻ ഭാഷകളിലും ബിഗ്‌സ്‌ക്രീനിൽ കാണാം. തെലുങ്ക് നടൻ റോഷൻ മേക്ക ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷനായ കപൂർ, സഹറ എസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.കണക്റ്റ് മീഡിയ, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ശോഭ കപൂർ, ഏക്ത ആർ. കപൂർ, സി.കെ. പദ്മകുമാർ, വരുൺ മത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീർ സിംഗ്, വിശാൽ ഗൂർനാനി, ജൂഹി പരേഖ് മെഹ്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭയുടെ സഹനിർമാതാവ് വിമൽ ലഹോട്ടിയാണ്.
ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയകുമാറും രാജീവ് മേനോനും ചേർന്ന് നിർമ്മിച്ച് അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൊറർ കോമഡി ഫാന്റസി ചിത്രമായ സർവ്വം മായയിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, റിയ ഷിബു, മധു വാര്യർ, അൽത്താഫ് സലിം, അൽഫോൺസ് പുത്രൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദ് നിർമ്മിച്ച് അരുൺ ബോസ് സംവിധാനം ചെയ്യുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ അപർണ്ണ ബാലമുരളി, ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാർവതി, സോഹൻ സീനുലാൽ തുടങ്ങിയവരും വേഷമിടുന്നു. സംവിധായകനും മൃദുൽ ജോർജ്ജും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
വീരയുടെ സംവിധാനത്തിൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായൊരുങ്ങുന്ന ഹാൽ നിർമ്മിച്ചിരിക്കുന്നത് ജെ.വി.ജെ പ്രൊഡക്ഷൻസാണ്.നിഷാദ് കോയയുടേതാണ് രചന. സാക്ഷി വൈദ്യ നായികയാകുന്ന ചിത്രത്തിൽ ജോണി ആന്റണി, മധുപാൽ, സംഗീത മാധവൻ നായർ,നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമ കല,സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു,ഉണ്ണിരാജ, ശ്രീധന്യ എന്നിവരും വേഷമിടുന്നു.
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ ഡോ.ലിസ്റ്റി.കെ. ഫെർണാണ്ടസ്സും,ഡോ. പ്രിൻസ് പ്രോക്സി ഓസ്ട്രിയായും ചേർന്ന് നിർമ്മിച്ച് അമൽ . കെ.ജോബി രചനയും സംവിധാനവും നിർവഹിച്ച ആഘോഷത്തിൽ നരെയ്നോടൊപ്പം വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റണി, ജെയ്സ് ജോസ്,ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, നിഖിൽ രൺജി പണിക്കർ ശ്രീകാന്ത് മുരളി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സ്മിനു സിജോ തുടങ്ങിയവർ വേഷമിടുന്നു.
അനശ്വര രാജന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ചാമ്പ്യൻ. പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് സ്‌പോർട്‌സ് ഡ്രാമ ഗണത്തിൽപ്പെടുന്നതാണ്. റോഷൻ ആണ് നായകൻ.