ചരിത്ര നേട്ടവുമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് 'ലോക' സ്വന്തമാക്കിയത്.
അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞ 'ലോക', മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു നാഴികക്കല്ലായി മാറി.കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 50 കോടിക്ക് മുകളിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് നേടിയ ചിത്രം ഈ നേട്ടവും കൈവരിക്കുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ. മലയാള സിനിമയിൽ മേക്കിങ് മികവ് കൊണ്ടും കഥയുടെ അവതരണ ശൈലി കൊണ്ടും 'ലോക' സൃഷ്ടിച്ചത് ഒരു പുതിയ ട്രെൻഡ് ആണ്. ഇത്തരമൊരു ചിത്രം നിർമ്മിക്കാൻ ദുൽഖർ സൽമാൻ എന്ന നിർമ്മാതാവ് കാണിച്ച ധൈര്യവും പ്രശംസനീയമാണ്.