തമിഴ് നടന്‍ വിശാലും നടി സായ് ധന്‍സികയും തമ്മിലുള്ള വിവാഹനിശ്ചയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വിശാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രങ്ങളും താരം പങ്കുവെച്ചു. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്.പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്. ഒപ്പം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമുണ്ട്. വിവാഹനിശ്ചയം അറിയിച്ചുകൊണ്ടുള്ള വിശാലിന്റെ എക്‌സ് പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്.
2009-ല്‍ കന്നഡയില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കിലും ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനംചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സോളോ'യിലൂടെ മലയാളത്തില്‍ നടി സാന്നിധ്യം അറിയിച്ചു. 'സോളോ'യിലെ വേള്‍ഡ് ഓഫ് ശേഖറില്‍ ദുല്‍ഖറിന്റെ നായികാകഥാപാത്രമായ രാധികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. കാഴ്ചാപരിമിതിയുള്ള നര്‍ത്തകിയുടെ വേഷമായിരുന്നു ചിത്രത്തില്‍.രവിമോഹന്‍ നായകനായ 'പേരന്മൈ', സംവിധായകന്‍ ബാലയുടെ 'പരദേശി', രജനീകാന്തിന്റെ 'കബാലി', വിജയ് സേതുപതി നായകനായ 'ലാഭം' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ സായ് ധന്‍സിക ഭാഗമായിട്ടുണ്ട്. 'കബാലി'യില്‍ രജനീകാന്തിന്റെ മകളുടെ വേഷമാണ് സായ് ധന്‍സിക കൈകാര്യംചെയ്തത്.
സായ് ധന്‍സിക പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍- ഓഡിയോ ലോഞ്ചിലാണ് ഇരുവരും വിവാഹക്കാര്യം വെളിപ്പെടുത്തിയത്. വിശാല്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. 15 വര്‍ഷത്തോളമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് സായ് ധന്‍സിക അന്ന് പറഞ്ഞിരുന്നു.
വിശാൽ പങ്കുവച്ച ചിത്രങ്ങൾ കാണാം