ചെന്നൈ: കാലിന് പരിക്കേറ്റതിനെ തുടർന്ന് നടൻ അജിത് കുമാറിനെ ബുധനാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ആരാധകരുടെ തിക്കിത്തിരക്കിനിടയിൽ പെട്ട് ആണ് പരിക്കേറ്റത്.
"ചെന്നൈ വിമാനത്താവളത്തിൽ ഒരു വലിയ ജനക്കൂട്ടം അജിതിനെ വളയുന്നതിനിടെ അദ്ദേഹത്തിന്‍റെ കാലിന് പരിക്കേറ്റു. ഫിസിയോതെറാപ്പിക്ക് വേണ്ടി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടനെ ഇന്ന് വൈകുന്നേരം ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല'' താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചൊവ്വാഴ്ച പത്മഭൂഷൺ സ്വീകരിച്ച ശേഷം ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന്‍റെ വരവ് കാത്ത് ആരാധകരുടെ ഒരു കൂട്ടം വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നുവെന്ന് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്തു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും സാധിച്ചില്ല.