കോഴിക്കോട്: 100 കോടി ബോക്സ് ഓഫീസ് കളക്ഷന്റെ തിളക്കത്തിൽ നിൽക്കുന്ന 'തുടരും' എന്ന മോഹൻലാൽ സിനിമയ്‌ക്കെതിരേ വീണ്ടും മോഷണ ആരോപണം. താൻ എഴുതിയ ‘തമിഴൻ’ എന്ന കഥ മോഷണം പോയെന്നും തന്റെ കഥ മോഷ്ടിച്ചാണ് ‘തുടരും’ സിനിമ ഇറക്കിയതെന്നും കവി സത്യചന്ദ്രൻ പൊയിൽക്കാവ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.എം.ജി. മണിലാലിനൊപ്പം എഴുതിയ കഥ സിനിമയാക്കാനായി പലരെയും സമീപിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. നിർമാതാവിന്‍റെ സൗകര്യത്തിനനുസരിച്ച് സിനിമ നിർമാണം നീണ്ടുപോയി. ഇതിനിടെ ഈ കഥ ‘തുടരും’ എന്ന പേരിൽ സിനിമയായി പുറത്തിറങ്ങിയെന്നാണ് പരാതി.വാർത്തസമ്മേളനത്തിൽ എം.ജി. മണിലാലും സംബന്ധിച്ചു.
സിനിമ സ്റ്റണ്ട് മാസ്റ്ററായ കരാട്ടെ നാരായണന്‍റെ ജീവിതകഥയും ഭാവനയും ചേർത്ത് 15 വർഷം മുമ്പ് താൻ എഴുതിയതാണ് തമിഴൻ.
ഒരാഴ്ച മുൻപാണ് സംവിധായകൻ നന്ദകുമാർ തന്റെ കഥ മോഷ്ടിച്ചാണ് തുടരും സിനിമയെടുത്തതെന്ന ആരോപണവുമായി രംഗത്തെത്തിയത്.സിനിമയുടെ കഥ തന്‍റെ ‘രാമൻ’ എന്ന കഥയുടെ തനിപ്പകർപ്പാണെന്നും തന്‍റെ സൃഷ്ടിയെ അനുവാദമില്ലാതെ അന്യായമായി ഉപയോഗിക്കുകയായിരുന്നെന്നും വാർത്തസമ്മേളനത്തിൽ നന്ദകുമാർ ആരോപിച്ചിരുന്നു.‘തുടരും’ സിനിമയിലെ ജോർജ് എന്ന കഥാപാത്രം തന്‍റെ കഥയിലെ ജോൺ എന്ന കഥാപാത്രം തന്നെയാണെന്നും കഥയുടെ അന്തരംഗ ചലനങ്ങൾ, സംഭവക്രമം മുതൽ ക്ലൈമാക്‌സ് വരെ തന്‍റെ കഥയുമായി അത്രമേൽ സാമ്യമുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.