തിയറ്ററുകളിൽ ഓടിയെത്തിയ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ മേക്കിങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. ചിത്രത്തിന്റെ രണ്ടാം പകുതി കൂടുതൽ അനുഭവഭേദ്യമായാണ് പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ജയറാം എന്നിവരും പ്രധാന വേഷത്തിലെത്തി.മിത്തും കൾച്ചറും സ്പിരിച്വാലിറ്റിയുമൊക്കെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്. ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.125 കോടി ബജറ്റിലൊരുക്കിയ ചിത്രം വൻ തുകയ്ക്കാണ് ആമസോൺ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കെജിഎഫ് 2 ന് ശേഷം പോസ്റ്റ്-തിയറ്റർ സ്ട്രീമിങ്ങിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കന്നഡ ചിത്രങ്ങളിൽ ഒന്നായി കാന്താര 2 മാറി.ഈ മാസം 30 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി എത്തിയിട്ടില്ല. അധികം വൈകാതെ തന്നെ നിർമാതാക്കൾ ഔദ്യോഗികമായി ഇത് പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
ബെർമെ എന്ന കഥാപാത്രമായി ഋഷഭ് ഷെട്ടിയെത്തുമ്പോൾ കനകവതിയെന്ന കഥാപാത്രമായാണ് രുക്മിണി വസന്ത് എത്തുന്നത്. 500 ലധികം ഫൈറ്റേഴ്സിനെയും 3000ത്തിലധികം ജൂനിയർ ആർട്ടിസ്റ്റിനെയും അണിനിരത്തിയാണ് ചിത്രത്തിലെ യുദ്ധ രംഗം ചിത്രീകരിച്ചിരിക്കുന്നത്.കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കാന്താര ദ് ലെജൻഡ് ചാപ്റ്റർ 2വിന്റെ സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.