കൊച്ചി: നടന്‍ ശ്രീനിവാസന് വിട നല്‍കി കൊച്ചി നഗരം. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിലെ സ്വവസതിയിൽ എത്തിച്ചു. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖകരും, പൊതുജനങ്ങളും എറണാകുളം ടൗണ്‍ ഹാളില്‍ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മമ്മൂട്ടിയും മോഹന്‍ലാലും അടങ്ങുന്ന മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളും ശ്രീനിവാസനെ അവസാനമായി കാണാന്‍ ടൗണ്‍ഹാളില്‍ എത്തിയിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, എറണാകുളം എംപി ഹൈബി ഈഡന്‍, റോജി എം ജോണ്‍ എംഎല്‍എ എന്നിവരും ടൗണ്‍ഹാളില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ട് മൂന്ന് മണി വരെയായിരുന്നു ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂറോളം വൈകിയാണ് ഇവിടത്തെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയത്. മൃതദേഹം പിന്നീട് കണ്ടനാട്ടെ വസതിയിലേക്ക് കൊണ്ടുപോയി.ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമാവുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ശ്രീനിവാസൻ. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 69 വയസായിരുന്നു. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണസമയത്ത് സ്ഥലത്തില്ലാതിരുന്ന മക്കളായ വിനീതും ധ്യാനും യാത്രകൾ റദ്ദാക്കി ആശുപത്രിയിലെത്തി. മോഹൻലാൽ, മമ്മൂട്ടി, സത്യൻ അന്തിക്കാട്, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, ആന്‍റണി പെരുമ്പാവൂർ തുടങ്ങി നിരവധിപ്പേരാണ് ടൗൺ ഹാളിൽ എത്തിയത്.