 
                                 
                        മലയാള സിനിമയുടെ ആദ്യ നായിക പി കെ റോസിയുടെ സ്മരണയിലാണ് 29 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം ഒരുക്കിയിരിക്കുന്നത്. 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിഗ്‌നേച്ചർ ഫിലിമായ സ്വപ്നായനത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്. മലയാള സിനിമയുടെ ജന്മസ്ഥലമായ നഗരത്തിന്റെ  പതിറ്റാണ്ടുകൾ നീണ്ട വളർച്ചയും ആനിമേഷനിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു .
മലയാളത്തിലെ ആദ്യ ചലച്ചിത്രം, നിശബ്ദ ചിത്രം വിഗതകുമാരൻ. വിഗതകുമാരന്റെ ആദ്യപ്രദർശനം നടന്ന കാപിറ്റോൾ തിയേറ്ററിൽ നിന്ന് സ്വപ്നായനത്തിന്റെ വിളംബരജാഥ ആരംഭിക്കുകയാണ്.
സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ജാതീയമായി വേർതിരിക്കപ്പെട്ട, കുടുംബം നഷ്ടപ്പെട്ട,നാട് കടത്തപ്പെട്ട മലയാളത്തിലെ ആദ്യ നായിക..
പി.കെ. റോസിയുടെ അവഗണിക്കപ്പെട്ട ധീരപാരമ്പര്യമാണ് 'സ്വപ്നായനം' അടയാളപ്പെടുത്തുന്നത്, ഒപ്പം അരികുവൽക്കരിക്കപ്പെട്ട തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങളിലൂടെയുള്ള യാത്രയും.
തിരുവനന്തപുരം നഗരത്തിന്റെയും സിനിമ കാഴ്ചകളുടെയും വളർച്ചയും ഫിലിമിൽ കാണിക്കുന്നു…മലയാള സിനിമ ഉറവിടത്തിൽ നിന്നും, ചകോരം പറന്നുയർന്ന് കാലങ്ങൾ പിന്നിട്ട് ന്യൂ കാപിറ്റോൾ തിയേറ്ററിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്കിടയിൽ മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസി അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചിരിക്കുന്നു. മാറിയ സിനിമാലോകത്ത് പി കെ റോസിക്ക് ലഭിക്കുന്ന ആദരം…
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുദ്രയായ ഏകത്വവും സാംസ്‌കാരിക വൈവിധ്യവും സിനിമയുടെ കരുത്തും സൂചിപ്പിക്കുന്ന ലങ്കാലക്ഷ്മിയുടെ പ്രകാശനത്തിലാണ് സ്വപ്നായനം അവസാനിക്കുന്നത്. ലങ്കാലക്ഷ്മിയെ സ്ഥാപിക്കുന്നതിന് പിന്നിലും പി കെ റോസി തന്നെ.
ഒരു മിനിറ്റോളം ദൈർഘ്യമുണ്ട് സിഗ്‌നേച്ചർ ഫിലിമിന്. മുംബൈയിൽ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന കെ.ഒ. അഖിൽ 20 ദിവസം കൊണ്ടാണ് സിനിമയുടെ സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നത്…
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    