കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1 ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് എല്ലായിടത്തും. ഇതിനിടയിലാണ് വിജയാഘോഷത്തിന്‍റെ ഭാഗമായി നടൻ ജയസൂര്യയുടെ വീട്ടിലെത്തി സന്തോഷം പങ്കിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. ജയസൂര്യയും കുടുംബവും വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു.ഋഷഭ് വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ജയസൂര്യ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
ജയസൂര്യക്കൊപ്പം മകളും ഭാര്യ സരിത ജയസൂര്യയും ഋഷഭിനെ സ്വീകരിക്കാനുണ്ടായിരുന്നു. ചിത്രത്തിനു താഴെ ആരാധകർ പ്രശംസയുമായെത്തി.'കാന്താര എ ലെജന്‍ഡ്- ചാപ്റ്റര്‍ 1' കണ്ടറിങ്ങയശേഷം ജയസൂര്യ, ഋഷഭ് ഷെട്ടിയേയും ചിത്രത്തേയും പ്രശംസിച്ചിരുന്നു. ഋഷഭ് ഇന്ത്യന്‍ സിനിമക്കുതന്നെ മുതല്‍ക്കൂട്ടാണെന്ന് ജയസൂര്യ അഭിപ്രായപ്പെട്ടു. സംവിധായകന്‍, എഴുത്തുകാരന്‍, അഭിനേതാവ് എന്ന നിലയിലെല്ലാം ഋഷഭ് അത്ഭുതാവഹമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയസൂര്യ കുറിച്ചു.
ഋഷഭും ജയസൂര്യയും മുമ്പും പലയിടങ്ങളിലും ഒന്നിച്ചെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം വിജയദശമിയില്‍ ഇരുവരും മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'കാന്താര'യുടെ ചിത്രീകരണവേളയില്‍ ജയസൂര്യ സെറ്റില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടായിരുന്നു.ആദ്യ ദിനം 60 കോടി കലക്ഷൻ നേടിയ ചിത്രം രണ്ടാം ദിവസത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ 100കോടി ക്ലബിൽ എത്തിയിരിക്കുകയാണ്. രണ്ടാം ദിനത്തിൽ ചിത്രത്തിന്‍റെ ആകെ കലക്ഷൻ 106.85 കോടിയായി എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ റിപ്പോർട്ട്.