പനാജി: ഗോവയിൽ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ ടൊവിനോ തോമസ്- ജിതിന്‍ ലാല്‍ ചിത്രം എആര്‍എം (അജയന്റെ രണ്ടാംമോഷണം). ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നവാഗത സംവിധായകനുള്ള ഫീച്ചര്‍ ഫിലിം മത്സരവിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് എആര്‍എം എന്നതും ശ്രദ്ധേയമാണ്.
നവംബര്‍ 20 മുതല്‍ ആണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഗോവയില്‍ നടക്കുന്നത്.ജിതിന്‍ ലാല്‍ ഒരുക്കിയ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മൂന്നു അവാര്‍ഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്‌സ് മികവിന് സംവിധായകന്‍ കൂടിയായ ജിതിന്‍ ലാല്‍, ആല്‍ഫ്രഡ് ടോമി, അനിരുദ്ധ് മുഖര്‍ജി, സലിം ലാഹിരി എന്നിവര്‍ പുരസ്‌കാരം നേടിയപ്പോള്‍, ചിത്രത്തിലെ നായകനായ ടൊവിനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. ചിത്രത്തിലെ 'കിളിയേ' എന്ന ഗാനം ആലപിച്ച കെ.എസ്. ഹരിശങ്കറിന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.