കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കുറ്റകൃത്യവുമായി ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിൽ ഉള്ളത്. പരാതിക്കാരൻ ലൈംഗീകമായി അധിക്ഷേപിച്ചെന്നും നടി. ഇതിനെ തുടർന്ന് നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതായാണ് റിപ്പോർട്ട്. നടിയുടെ പരാതി പരിശോധിക്കാനും നിർദേശമുണ്ട്.
കേസിൽ നടി മൂന്നാം പ്രതിയാണ് . നടിയെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവം പുറത്തുവന്നതിനു പിന്നാലെ നടി ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ചയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്. നടുറോഡിൽ വച്ച് കാർ തടഞ്ഞുനിർത്തി ലക്ഷ്മി മേനോനും സുഹൃത്തുക്കളും പരാക്രമം കാട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബാറിൽ വച്ച് ഇരു സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് റോഡിലേക്ക് വ്യാപിച്ചത്. ബാറിൽ വച്ച് തർക്കമുണ്ടായതിനെത്തുടർന്ന് ലക്ഷ്മി മേനോനും സുഹൃത്തുക്കളും കാറിൽ പിന്തുടർന്നെന്നും എറണാകുളം നോർത്ത് പാലത്തിൽവെച്ച് യുവാവിനെ കാറിൽനിന്ന് വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി മർദിച്ചെന്നുമാണ് പരാതി. പിന്നീട് ഇയാളെ പറവൂരിൽ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ മിഥുൻ, അനീഷ്, സോന എന്നിവരെ എറണാകുളം ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ഐടി ജീവനക്കാരനാണ് പരാതി നൽകിയത്.