പതിവ് രീതിയിൽ നിന്ന് വേറിട്ട അനുഭവമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോംബോയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. മോഹൻലാലിന്റെ ഓണചിത്രമായി 28ന് പുറത്തിറങ്ങുന്ന ഹൃദയപൂര്‍വത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംഷ കൂട്ടുന്ന ചേരുവകൾ ട്രെയിലറിൽ ഉണ്ട്.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ഒട്ടനേകം കഥാപാത്രങ്ങളും അവര്‍ക്കിടയിലുള്ള അതുല്യമായ രസതന്ത്രവും ചിത്രത്തിന്റെ ട്രെയിലറിൽ ഉണ്ട്. കോമഡിയും റൊമാന്‍സും അതിനോട് ചേർന്ന് നിൽക്കുന്ന ഗാനരംഗങ്ങളും ചാരുതയോടെ ബ്ലെന്റ് ചെയ്യുന്ന സത്യന്‍ അന്തിക്കാട് ബ്രില്യന്‍സ് ട്രെയിലര്‍ സൂചിപ്പിക്കുന്നുണ്ട്.
അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. അനൂപ് സത്യനാണ് ഇക്കുറി സത്യന്‍ അന്തിക്കാടിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്. മാളവികാ മോഹന്‍ നായികയാകുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു.അനു മൂത്തേടത്താണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് കെ.രാജഗോപാല്‍.ലാലിന്റെ ചേലും ചിരിയും കഥപറച്ചിലും ചെറിയ ചില സസ്‌പെന്‍സുകളും ഉള്ള ചിത്രം ഈ ഓണക്കാലത്ത് തിയറ്ററുകൾ നിറയ്ക്കാനാണ് സാധ്യത