രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'ഡീയസ് ഈറെ' റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇന്ന് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ മോഹൻലാൽ ഈ സിനിമയിൽ കാമിയോ റോളിൽ എത്തുന്നുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രധാന കാര്യം.
പ്രണവും സംവിധായകൻ രാഹുൽ സദാശിവനും നിർമ്മാതാവായ രാമചന്ദ്ര ചക്രവർത്തിയുമടക്കം തങ്ങളുടെ സോഷ്യൽ മീഡിയ ഡി.പി ആക്കിയിരിക്കുന്ന ചിത്രങ്ങളെ മുൻനിർത്തിയാണ് ഇപ്പോൾ ഇത്തരമൊരു ചർച്ച രൂപപ്പെട്ടിരിക്കുന്നത്.ചുവപ്പും കറുപ്പും ഷെയ്ഡിലുള്ള തങ്ങളുടെ ചിത്രങ്ങളാണ് എല്ലാവരും സമൂഹ മാധ്യമങ്ങളിൽ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ മോഹൻലാലും ഇതേ ഷെയ്ഡിലുള്ള തന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ പങ്കുവെക്കുകയുണ്ടായി. മോഹൻലാൽ സിനിമയിൽ കാമിയോ റോളിൽ എത്താനുമുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് എന്നാണ് കമന്റ് ബോക്സിൽ നിരവധി പേർ കമന്റ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലറും മോഹൻലാൽ ഇന്ന് പങ്കുവെച്ചിരുന്നു. കൂടാതെ ഡീയസ് ഈറെ എന്ന ഹാഷ് ടാഗിൽ സംവിധായകൻ ചില ചിത്രങ്ങളും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു.
'ഭ്രമയുഗം' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്