Share this Article
News Malayalam 24x7
ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ
വെബ് ടീം
posted on 09-07-2025
1 min read
jsk

കൊച്ചി: ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിലെ ജാനകി എന്ന പേര് ഇനി മുതൽ ‘ജാനകി.വി’ എന്നു മാറും. സെൻസർ ബോർഡ് നിർദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു.

കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി.രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്കും കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ‍ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് രാവിലെ അറിയിച്ചിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് ചേർന്നപ്പോൾ പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിർമാതാക്കള്‍ അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories