കൊച്ചി: മലയാള സിനിമയിൽ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം ശില്‍പ ഷെട്ടി.മലയാളത്തിൽ അഭിനയിക്കാൻ താല്പര്യമുള്ളത് മോഹൻലാലിനൊപ്പമാണെന്നും അവർ കൂട്ടിച്ചേർത്തു. മലയാളം സിനിമയുടെ വലിയ ആരാധികയാണ് താനെന്നും അവര്‍ പറഞ്ഞു.
ഫാസില്‍ സംവിധാനംചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' ആണ് തന്റെ എക്കാലത്തേയും പ്രിയപ്പെട്ട മലയാള ചിത്രമെന്നും ശില്‍പ ഷെട്ടി പറഞ്ഞു.'ഹിന്ദിക്കുപുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍നിന്ന് ഏതാനും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍, ഭയം കാരണം ഞാന്‍ യെസ് പറഞ്ഞിരുന്നില്ല. എനിക്ക് മലയാളം ചിത്രങ്ങള്‍ ഇഷ്ടമാണ്. വികാരങ്ങളെ മലയാള ചിത്രങ്ങള്‍ കൈകാര്യംചെയ്യുന്ന രീതി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിച്ചാല്‍, എന്റെ വേഷത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് എനിക്കൊരിക്കലും ഉറപ്പുണ്ടായിരുന്നില്ല. നോക്കാം, ചിലപ്പോള്‍ എന്നെങ്കിലും ഞാന്‍ ഒരു മലയാളം ചിത്രത്തില്‍ അഭിനയിച്ചേക്കും'- ഒരു കന്നഡ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനായി കൊച്ചിയിലെത്തിയ ശില്‍പ ഷെട്ടി പറഞ്ഞു.
മലയാളത്തില്‍ ആരുടെ കൂടെയാണ് അഭിനയിക്കാന്‍ താത്പര്യമെന്ന ചോദ്യത്തിന്, മോഹന്‍ലാല്‍ എന്നായിരുന്നു നടിയുടെ മറുപടി. 'അതിശയിപ്പിക്കുന്ന നടനാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ട്'- ശില്‍പ ഷെട്ടി കൂട്ടിച്ചേര്‍ത്തു.