ദക്ഷിണേന്ത്യയിൽ വലിയ ആരാധകരുള്ള നടനാണ് വിശാൽ.മലയാളത്തിൽ ഉൾപ്പെടെ ചിത്രങ്ങളിൽ അഭിനയിച്ച് ആരാധകരുടെ ആവേശമായി മാറാനും കഴിഞ്ഞിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുമുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താൻ ഉടൻ വിവാഹിതനാവുമെന്ന് നടൻ വിശാൽ പറഞ്ഞത്. "അതെ, തന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ പ്രഖ്യാപിക്കും." വിവാഹത്തേക്കുറിച്ച് ചോദിച്ചപ്പോൾ വിശാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.താരം വിവാഹം ചെയ്യാൻ പോകുന്നത് തമിഴിലെ ഒരു യുവനടിയെ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ സായി ധൻസിക ആണ് ആ നടിയെന്നുള്ള രീതിയിൽ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറികൂടിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാൽ വിശാൽ പറഞ്ഞിരുന്ന ഉത്തരം.അടുത്തിടെ വിഴുപ്പുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വിശാൽ ബോധരഹിതനായി വീണത് വാർത്തകൾക്കിടയാക്കിയിരുന്നു.അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പെട്ടെന്ന് സുഖം പ്രാപിച്ചു. ഉച്ചഭക്ഷണം ഒഴിവാക്കിയതിനാലാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹത്തിൻ്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജയാണ് വിശാലിന്റേതായി ഒടുവിൽ പുറത്തുവന്നത്. ചിത്രീകരണം കഴിഞ്ഞ് 12 വർഷം പെട്ടിയിലിരുന്ന ശേഷം അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്.