Share this Article
News Malayalam 24x7
നിവിന്‍ പോളിക്കു ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു,'കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല'; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍
വെബ് ടീം
posted on 06-11-2024
1 min read
nivin pauly

കൊച്ചി: കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ എടുത്ത ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. കേസില്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും കാണിച്ച് കോതമംഗലം ഊന്നുകല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി എം വര്‍ഗീസാണ് റിപ്പാര്‍ട്ട് നല്‍കിയത്. കേസിലെ ആറാം പ്രതിയായ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.കുറ്റകൃത്യം ചെയ്തു എന്ന് ആരോപിക്കുന്ന ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം.2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു നിവിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ യുവതി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ ദുബായിലായിരുന്നില്ലെന്ന് തെളിഞ്ഞു. നിവിന്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. യുവതി പരാതിപ്പെട്ടതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തുകയായിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories