കൊച്ചി: മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ എഴുന്നേറ്റ് നെഞ്ചത്ത് കൈവച്ച് നില്‍ക്കുന്ന ഭീമൻരഘുവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയേയും ചികിത്സയേയും സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍. അവശതയ്ക്കിടയിലും അണികളെ ബോധ്യപ്പെടുത്താൻ ആവേശപ്രസംഗം നടത്തുന്ന മുഖ്യമന്ത്രി. മുഷ്ടി ചുരുട്ടി ആവേശം പ്രകടിപ്പിക്കുന്നതിനിടെ വയറുവേദനയുമായി ടോയ്ലറ്റിലേക്ക് ഓടുന്ന മുഖ്യമന്ത്രി എന്നിങ്ങനെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ദിലീപ് നായകനായി ഇന്ന് റിലീസ് ചെയ്ത സിനിമ കടുത്ത രാഷ്ട്രീയ പരിഹാസമാണ് ഉയര്‍ത്താൻ ശ്രമിക്കുന്നത്.
റോഡ് തടഞ്ഞ് നടത്തിയ പാര്‍ട്ടി സമ്മേളനത്തിനിടെ ഗതാഗതക്കുരുക്കില്‍ ചികിത്സ കിട്ടാതെ പൗരൻ മരിക്കുന്നതും അതിവേഗത്തീവണ്ടിക്ക് വേണ്ടി സാധാരണക്കാരുടെ വാസസ്ഥലങ്ങളില്‍ കുറ്റിയിടാൻ കുഴിയെടുക്കുന്നതും ഉള്‍പ്പെടെ സിനിമയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന മോഹവും ഭഭബ പങ്കുവയ്ക്കുന്നു.
സിനിമയുടെ ആദ്യപകുതിയില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപിൻ്റെ മുഖത്ത് പ്രായത്തിൻ്റേതും ഇക്കാലമത്രയും അനുഭവിച്ച സങ്കീര്‍ണതകളുടേതുമായ അവശതകളുണ്ട്. എങ്കിലും ആക്ഷൻ കോമഡി ജ്യോണറില്‍ സിഐഡി മൂസയുടെ സ്മരണ ഉണര്‍ത്താനാണ് ചിത്രം ശ്രമിക്കുന്നത്. അതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട ചിത്രത്തിന് അല്പമെങ്കിലും ജീവൻ വയ്ക്കുന്നത് ഇടവേളയ്ക്ക് ശേഷമുള്ള മോഹൻലാലിൻ്റെ കാമിയോ റോളിലുളള എൻട്രിയോടെയാണ്.മോഹൻലാല്‍ ഫാൻസുകാര്‍ക്ക് പ്രിയപ്പെടുന്ന രീതിയിലുള്ള അഴിഞ്ഞാട്ടം ദിലീപിനൊപ്പം നടത്തുന്ന മോഹൻലാല്‍ അവസാന സീൻ വരെയും തുടരുന്നു. അതിഥി താരമമെന്നതിനേക്കാള്‍ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രവും മോഹൻലാല്‍ തന്നെ.
രാമലീല എന്ന സിനിമയിലേത് പോലെ ഭഭബയിലും തനിക്ക് നേരേ ഉണ്ടായ നിയമ നടപടികളെ വിമര്‍ശിക്കുന്ന തരത്തിലുള്ള സൂചനകളും സംഭാഷണങ്ങളിലുണ്ട്.ചിത്രത്തിൻ്റെ നിര്‍മ്മാതാവ് കൂടിയ ഗോകുലം ഗോപാലൻ ഗുണ്ടാത്മകമായ വേഷം ചെയ്തുകൊണ്ട് ചിത്രത്തില്‍ ദിലീപിനൊപ്പം അര്‍മാദിക്കുന്നുണ്ട്. സത്യത്തില്‍ മോഹൻലാല്‍-ദിലീപ്-ഗോകുലം ഗോപാലൻ വിളയാട്ടം എന്ന നിലയ്ക്കും ചിത്രത്തെ കാണാം.
-പി.കെ ഗോകുല്‍ വര്‍മ്മ