കൊച്ചി: മാനേജർ വിപിൻ കുമാറിനെ താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ, അദ്ദേഹത്തിന്റെ കണ്ണട ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണെന്നും നടൻ ഉണ്ണി മുകുന്ദൻ. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സി.സി.ടി.വി കാമറയുള്ള ഭാഗത്താണ് സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.കാക്കനാട്ടെ തന്റെ ഫ്ലാറ്റിൽവെച്ച് നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രഫഷനൽ മാനേജർ വിപിൻ കുമാറിന്റെ പരാതി. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസ് നടനെതിരെ കേസെടുത്തിട്ടുണ്ട്. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ് വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നത്. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവം നടക്കുമ്പോൾ ‘മേപ്പടിയാൻ’ സംവിധായകനും സുഹൃത്തുമായ വിഷ്ണു ഉണ്ണിത്താൻ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.