Share this Article
News Malayalam 24x7
ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചു
വെബ് ടീം
posted on 24-11-2025
1 min read
dharmendra

മുംബൈ: വിഖ്യാത ബോളിവുഡ് താരം ധർമേന്ദ്ര (ധരം സിങ് ഡിയോൾ) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വിവരം അറിയിച്ച് കരൺ ജോഹർ എക്സിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 90ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ധർമേന്ദ്രയുടെ വിടവാങ്ങൽ. മുംബൈയിലെ വസതിയിൽ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വേളയിൽ ധർമേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചു. ദേശീയ മാധ്യമങ്ങളടക്കം ഇതുസംബന്ധിച്ച് വാർത്തനൽകിയിരുന്നു. എന്നാൽ മരണവാർത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഒക്ടോബർ 31നാണ് ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമേന്ദ്ര 1960ൽ 'ദിൽ ഭീ തേരാ ഹം ഭീ തേരെ' എന്ന ചിത്രത്തിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2012ൽ ഭാരത സർക്കാരിന്‍റെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ യാദോൻ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കർ ബീവി കാ, ഫൂൽ ഔർ പത്ഥർ, ബേതാബ്, ഘായൽ തുടങ്ങിയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories