തിരുവനന്തപുരം: സിനിമാ നിർമാതാവ് പി. സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തൂവാനത്തുമ്പികൾ, മോചനം, തീക്കളി, വരദക്ഷിണ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.മൂന്ന് ദശാബ്ദകാലം മദ്രാസിൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചു.
എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വെളുത്ത ക്രതീന എണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ, അനാവരണം, പൊന്നും പൂവും തുടങ്ങി 25 സിനിമകളുടെ സഹ സംവിധായകനായിരുന്നു.
രാജന്‍ പറഞ്ഞ കഥ, തോല്‍ക്കാന്‍ എനിക്കു മനസ്സില്ല. വയനാടന്‍ തമ്പാന്‍ തുടങ്ങിയ സിനിമകളുടെ വിതരണക്കാരായി.കൊല്ലത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പൊലിക്കാര്‍പ്പിന്റെ മകനായി 1944ല്‍ കൊല്ലത്ത് ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ക്രേവന്‍ സ്‌കൂളിലായിരുന്നു. മദ്രാസ് ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ജേര്‍ണലിസവും ഫിലിം ഡയറക്ഷനില്‍ പരിശീലനവും നേടി. 1965ല്‍ കൊല്ലത്ത് സിതാര പ്രിന്റേഴസ് ആരംഭിച്ചു. 1966 മുതല്‍ മദ്രാസിലേക്കുപോയി.
1990ല്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിര താമസമാക്കി. 'വാസ്തുകലാപീഠം' എന്ന കെട്ടിടനിര്‍മ്മാണ സ്ഥാപനത്തിന്റെ ഡയറക്ടറും, വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ നടക്കും.