Share this Article
Union Budget
തനിക്കന്ന് അവസാനനിമിഷം ദേശീയ അവാര്‍ഡ് നഷ്ടപ്പെട്ടത് ലോബിയിംഗില്‍, അത് മമ്മൂട്ടിക്ക് കിട്ടി: ആരോപണവുമായി പരേഷ് റാവല്‍
വെബ് ടീം
11 hours 26 Minutes Ago
1 min read
PARESH

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അവസാന നിമിഷം തനിക്ക് മമ്മൂട്ടിയോട് നഷ്ടപ്പെട്ടുവെന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. ലോബിയിങ് നടത്താത്തതു കൊണ്ടാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെട്ടതെന്നും പരേഷ് റാവല്‍ പറഞ്ഞു. ലാലന്‍ടോപ്പുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.1990കളുടെ തുടക്കത്തിൽ നടന്ന ഒരു സംഭവത്തെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തെയും നിരാശയെയും കുറിച്ച് ബോളിവുഡിലെ പ്രമുഖതാരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. 

പരേഷ് റാവലിന്റെ വാക്കുകള്‍ :

"1993ലോ 1994ലോ ഞാന്‍ മൗറീഷ്യസില്‍ ഷൂട്ടിംഗിലായിരുന്നു. രാവിലെ ഏഴരയോ എട്ടു മണിയോ ആയപ്പോള്‍ മുകേഷ് ഭട്ടിന്റെ ഒരു കോള്‍ എനിക്ക് വന്നു. പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേല്‍ക്കൂ. 'സര്‍' എന്ന ചിത്രത്തിന് നിങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നു, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ചലച്ചിത്ര നിര്‍മാതാവ് കല്‍പ്പന ലാജ്മിയില്‍ നിന്നായിരുന്നു അത്. 'സര്‍ദാര്‍' എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതായി അവര്‍ എന്നോട് പറഞ്ഞു"."എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലായിരുന്നില്ല. ചിലരോട് ഞാന്‍ വിളിച്ച് അന്വേഷിച്ചു. സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു ഞാന്‍.

എന്നാല്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് എനിക്ക് സഹനടനുള്ള പുരസ്‌കാരം മാത്രമാണ് ലഭിക്കുക എന്ന് അറിഞ്ഞത്. ആശയക്കുഴപ്പത്തിലായ ഞാന്‍ സംവിധായകന്‍ കേതന്‍ മേത്ത, ചലച്ചിത്ര നിരൂപകന്‍ ഖാലിദ് മുഹമ്മദ്, ചലച്ചിത്ര നിര്‍മ്മാതാവ് ശ്യാം ബെനഗല്‍ എന്നിവരോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവര്‍ പോലും അറിഞ്ഞിരുന്നില്ല".

"ഒടുവില്‍ രാഷ്ട്രീയക്കാരനായ ടി. സുബ്ബരാമി റെഡ്ഡിയാണ് എനിക്ക് വിശദീകരണം നല്‍കിയത്. നിങ്ങള്‍ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി, മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ ശരിക്കും സ്തബ്ധനായി പോയി". 1994ല്‍ വിധേയന്‍, പൊന്തന്‍മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ആ വര്‍ഷം പരേഷ് റാവലിന് മികച്ച സഹ നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories