ചിരഞ്ജീവിയും നയൻതാരയും ഷൂട്ടിങ്ങിനായി ആലപ്പുഴയിൽ.പ്രശസ്ത തെലുങ്ക് സംവിധായകനായ അനിൽ രവിപുഡി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ഒരു ഗാനരംഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ ലീക്കായിരിക്കുകയാണ്.ഒരു മലയാളി യൂട്യൂബ് വ്ലോഗിലൂടെയാണ് ദൃശ്യം പുറത്തുവന്നത്. അലങ്കരിച്ച വഞ്ചിയിലാണ് ചിരഞ്ജീവിയും നയൻതാരയും ഉൾപ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം. ഇത്തരം വഞ്ചികൾ നീങ്ങുന്നതും താരങ്ങളെ ഇതിലിരുത്തി ചിത്രീകരിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്. ചിത്രീകരണശേഷം ചിരഞ്ജീവിയും നയൻതാരയും തിരികെ കരയിലേക്ക് വരുന്നതും കാണാം. ഒരു വിവാഹരംഗമാണോ ചിത്രീകരിക്കുന്നതെന്ന സംശയവും യൂട്യൂബർ പ്രകടിപ്പിക്കുന്നുണ്ട്.2023-ൽ പുറത്തിറങ്ങിയ വാൾട്ടയർ വീരയ്യ, ഭോലാ ശങ്കർ എന്നീ ചിത്രങ്ങളിലൂടെ ചിരഞ്ജീവിയെ സ്‌ക്രീനിൽ കണ്ടു. വസിഷ്ഠ സംവിധാനം ചെയ്യുന്ന വിശ്വംഭരാ എന്ന ചിത്രവും ചിരഞ്ജീവിയുടേതായി അണിയറയിലുണ്ട്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചിരഞ്ജീവിയാണ് നായകൻ. മൂക്കുകത്തി അമ്മൻ, യഷ് നായകനാവുന്ന ടോക്സിക്, മണ്ണാങ്കട്ടി സിൻസ് 1960, നിവിൻ പോളി നായകനാവുന്ന ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് നയൻതാരയുടെ പുതിയ ചിത്രങ്ങൾ.