ബി.ആർ. ചോപ്രയുടെ 'മഹാഭാരതം' പരമ്പരയിലെ കർണന്‍റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ദീര്‍ഘനാളായി കാൻസർ ബാധിതനായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈൽ പാർലെയിലെ പവൻ ഹാൻസിന് സമീപം നടക്കും'.'സനം ബേവഫ', 'ബാദ്ഷാ' തുടങ്ങിയ നിരവധി സിനിമകളിലും 'ചന്ദ്രകാന്ത', 'സസുരൽ സിമർ കാ' തുടങ്ങിയ ടി.വി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'മൈ ഫാദർ ഗോഡ്ഫാദർ' എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.
അഭിനയ് ആക്ടിങ് അക്കാദമി എന്ന് ഒരു അക്കാദമിയും അദ്ദേഹം സ്ഥാപിച്ചു. തന്റെ കഥാപാത്രമായ കർണന്റെ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന ജനപ്രീതിയെക്കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. തന്റെ പേരിൽ പ്രതിമകൾ നിർമിക്കുന്നുണ്ടെന്നും, കർണനായി പണിയുന്ന ക്ഷേത്രങ്ങളിലെ പ്രതിമക്ക് തന്‍റെ രൂപമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.പഞ്ചാബിൽ നിന്നുള്ള പങ്കജ് ധീർ, ബഹു ബേട്ടി, സിന്ദഗി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സി.എൽ. ധീറിന്‍റെ മകനാണ്. പങ്കജ് ധീറിന്‍റെ മകൻ നികിതിൻ ധീറും നടനാണ്.