ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷങ്ങളിൽ എത്തുന്ന 'പ്രൈവറ്റ്' എന്ന സിനിമയിലാണ് സെൻസർ ബോർഡ് തിരുത്തലുകൾ നിർദ്ദേശിച്ചത്. സിനിമയിൽ നിന്ന് ഒൻപതോളം രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
'പ്രൈവറ്റ്' സിനിമയിൽ നിന്ന് പൗരത്വ നിയമഭേദഗതി ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകളും രംഗങ്ങളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. കൂടാതെ, ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ആർഎൻഎസ് (RNS) എന്ന സംഘടനയുടെ പേര് മാസ്ക് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ തിരുത്തലുകൾ വരുത്തിയ ശേഷമാണ് ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
നേരത്തെ 'ഹാൾ' എന്ന ചിത്രത്തിലും സമാനമായ രീതിയിൽ സെൻസർ ബോർഡ് ഇടപെട്ടിരുന്നു. ഹാൾ സിനിമയിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങൾ ഒഴിവാക്കാനും, രാഷ്ട്രീയപരമായ ചില പരാമർശങ്ങൾ നീക്കം ചെയ്യാനും സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നു.
മലയാള സിനിമയെ എങ്ങനെ ചിത്രീകരിക്കണം, അല്ലെങ്കിൽ ഒരു മലയാള സിനിമയുടെ ഉള്ളടക്കം എത്തരത്തിലായിരിക്കണം എന്ന് സെൻസർ ബോർഡ് തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണെന്ന് സിനിമ പ്രവർത്തകർ ആരോപിക്കുന്നു. ഇത്തരം വെട്ടലുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ചർച്ചകളും സിനിമ മേഖലയിൽ ഉയർന്നു വന്നിട്ടുണ്ട്.