Share this Article
News Malayalam 24x7
'ആളുകള്‍ എന്നെ മറന്നാലും ആ റിസ്ക് ഞാൻ ഏറ്റെടുക്കുന്നു'; അപകടം മനസിലായി, കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി
വെബ് ടീം
5 hours 14 Minutes Ago
1 min read
aiswarya lakshmi

ദൂഷ്യവശങ്ങൾ മനസ്സിലായെന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്നും പ്രഖ്യാപിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കലാകാരിയായ തനിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ ഒരു അത്യാവശ്യ ഘടകമായിരിക്കും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടാക്കിയതെന്നും പക്ഷേ അതേ സംഗതി തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതോടെ അതിന്റെ അപകടം മനസ്സിലായതെന്നും ഐശ്വര്യ പറയുന്നു.

ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പ്:

‘എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. നമ്മൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി. പക്ഷേ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ഒരു സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു. എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി.

ഒരു ‘സൂപ്പർനെറ്റി’ന്റെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചിൽ എന്നെയും വാർത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ  ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയതും ഇത് എന്നെ കൺട്രോൾ ചെയ്യുന്നത് തടയാൻ  പരിശീലിക്കുകയും ചെയ്തത്.  ഇത് കുറേ നാളുകളായി എന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് ‘ഗ്രാമി’ൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ ഞാൻ തയാറാണ്.  അതുകൊണ്ട്, എന്നിലെ കലാകാരിയെയും എന്നിലെ കൊച്ചു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കതയോടും മൗലികതയോടും നിലനിർത്താൻ പൂർണമായും ഇന്റർനെറ്റിൽ നിന്ന് വിട്ടുനിൽക്കുക എന്ന ശരിയായ കാര്യം ചെയ്യാൻ ഞാൻ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഞാൻ നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് ഇനിയും പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുത്. സസ്നേഹം, ഐശ്വര്യ ലക്ഷ്മി.’’ 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories