മലയാളത്തിന്റെ പ്രിയ നടൻ മമ്മുട്ടിക്ക് ഇന്ന് 74 ാം ജന്മദിനം. താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് ഇന്ത്യൻ സിനിമാ ലോകവും രാഷ്ട്രീയ പ്രമുഖരും. പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദം കൂടിയുണ്ട് 74 ാം ജന്മദിനത്തിന്. അതുകൊണ്ട് തന്നെ താരത്തിന്റെ തിരിച്ചു വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം.
1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ തുടങ്ങിയ സിനിമ ജീവിതം ചേട്ടനായും കൂട്ടുകാരനായും കുടുംബനാഥനായും പൊലീസുകാരനായും പ്രതി നായകനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ ഇന്ത്യൻ സിനിമ ലോകത്തെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾ. ഇതിനിടെ നേടിയെടുത്തത് മികച്ച നടനുള്ള 3 ദേശീയപുരസ്കാരവും 5 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 ഫിലിംഫെയർ പുരസ്കാരവുമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലായി നാനൂറിലധികം സിനിമകളിലും വേഷമിട്ടു. രോഗമുക്തനായി ചെന്നെയിലെ വസതിയിൽ വിശ്രമിക്കുന്ന അദേഹം ഉടൻ മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.