Share this Article
News Malayalam 24x7
കേരള സ്റ്റോറി 2 വിവാദം; ടീസർ പിൻവലിക്കാൻ ഹൈക്കോടതി നിർദേശം
Kerala High Court Orders Withdrawal of Kerala Story 2 Teaser

വൻ വിവാദമായ 'കേരള സ്റ്റോറി 2' സിനിമയുടെ ടീസർ പിൻവലിക്കാൻ നിർമ്മാതാക്കൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സിനിമയിലെ പരാമർശങ്ങളും ദൃശ്യങ്ങളും മതസ്പർദ്ധ വളർത്തുന്നതാണെന്ന ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. കേസിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി നാളെ വൈകിട്ട് സിനിമ കോടതി നേരിട്ട് കാണും.

സിനിമയുടെ ടീസർ സെൻസർ ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് പുറത്തിറക്കിയതെന്ന് സെൻസർ ബോർഡ് കോടതിയിൽ വ്യക്തമാക്കി. ടീസറിലെ പല രംഗങ്ങളും പ്രകോപനപരമാണെന്ന വാദം ശരിവെച്ച കോടതി, തൽക്കാലം ഇത് പിൻവലിക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.


കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തെയും ഒരു പ്രത്യേക മതവിഭാഗത്തെയും തെറ്റായ രീതിയിൽ ചിത്രീകരിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിർബന്ധിത മതപരിവർത്തനം, ബീഫ് കഴിപ്പിക്കൽ തുടങ്ങിയ വിദ്വേഷം പടർത്തുന്ന രംഗങ്ങൾ ടീസറിലുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.


സാധാരണയായി ഇത്തരം സിനിമ ഹർജികളിൽ കോടതി ഇടപെടാറില്ല. എന്നാൽ 'കേരള സ്റ്റോറി' എന്ന പേരും അതിൽ പരാമർശിക്കുന്ന കാര്യങ്ങളും ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിലുള്ള ചിത്രീകരണം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


അതേസമയം, സിനിമയിൽ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളാണെന്നാണ് നിർമ്മാതാക്കളുടെയും സംവിധായകന്റെയും വാദം. തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ കള്ളമാണെന്ന് തെളിയിച്ചാൽ സിനിമ നിർമ്മാണം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അവർ കോടതിയെ അറിയിച്ചു.


സിനിമ കണ്ടതിനുശേഷം കൂടുതൽ വാദങ്ങൾ കേൾക്കാമെന്നും അതിനുശേഷം ചിത്രത്തിന്റെ പ്രദർശനാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. നാളെ വൈകിട്ട് പ്രത്യേക പ്രദർശനത്തിലൂടെയാകും ജഡ്ജിമാർ സിനിമ കാണുക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories