തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിലടക്കം നേരിട്ട കനത്ത പരാജയം വിലയിരുത്താൻ സി.പി.എം ജില്ലാ കമ്മറ്റി യോഗം ഇന്ന് കൊല്ലത്ത് ചേരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിലായിരിക്കും യോഗം നടക്കുക. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള ആദ്യ വിശദമായ അവലോകന യോഗമാണിത്.
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന കൊല്ലം കോർപ്പറേഷൻ ഭരണത്തിൽ നിന്ന് പുറത്തായതിന്റെ കാരണങ്ങൾ യോഗം പ്രധാനമായും ചർച്ച ചെയ്യും. വോട്ട് ചോർച്ച എവിടെയെല്ലാമുണ്ടായി, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകളുണ്ടായോ തുടങ്ങിയ കാര്യങ്ങൾ ഓരോ ഏരിയ കമ്മറ്റികൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കും.
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നും പാർട്ടിക്കുള്ളിലെ വിഭാഗീയത പരാജയത്തിന് കാരണമായോ എന്നും ഗൗരവകരമായി പരിശോധിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വരും ദിവസങ്ങളിൽ താഴെത്തട്ടിലുള്ള കമ്മറ്റികളിലും പരാജയത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.