സഖാക്കളെ ജയിലിലടച്ച് എംപിയായി വിലസി നടക്കാമെന്ന് കരുതണ്ട എന്ന എം.വി ജയരാജന്റെ പരമാര്‍ശത്തിന് മറുപടിയുമായി സി സദാനന്ദന്‍ എംപി. താന്‍ എംപിയായി വിലസുന്നത് തടയാന്‍ ജയരാജനും സൈന്യവും പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരിയില്‍ വച്ചോളാനുമാണ് സദാനന്ദന്‍ എംപിയുടെ മറുപടി. കമ്യൂണിസ്റ്റ്കാരെ ജയിലിടച്ചത് പരമോന്നത നീതിപീഠമാണ്.
നേതാക്കള്‍ തന്നെ ബോംബും തോക്കും വാളും നല്കി പറഞ്ഞയിച്ചിട്ട് , ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും എംപി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. രാജ്യസഭാംഗത്വം ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമാണെന്നും അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിച്ചിട്ട് ഫലമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ആണ് സദാനന്ദന്‍ എംപിയെന്നും, ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപിയാകാനുള്ള യോഗ്യത എന്നുമായിരുന്നു എം.വി ജയരാജന്‍ ഇന്നലെ പറഞ്ഞത്. കണ്ണൂര്‍ പഴശ്ശിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പരാമര്‍ശം.