ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാര്‍ നല്‍കിയ മൊഴികളില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ ഒന്നാം പ്രതിയായ പ്രായോജകന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാര്‍ നടത്തിയിരുന്ന ഇടപാടുകളും പരിശോധിക്കും.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വേണ്ടി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരിന് പോറ്റി നല്‍കിയ അപേക്ഷയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയതെന്ന പത്മകുമാറിന്റെ മൊഴിയിലും വ്യക്തത വരുത്തും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കേസിലെ എട്ടാം പ്രതിയായ പത്മകുമാര്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.